ublnews.com

യുഎഇയിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെളളത്തിനടിയിൽ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.

പർവ്വതങ്ങളിൽനിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. ഒട്ടേറെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. പലയിടങ്ങളിലും തടാകങ്ങൾ (വാദി) നിറഞ്ഞൊഴുകിയത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായി.

കനത്ത മഴയെത്തുടർന്ന് റാസൽഖൈമയിലെ ചില മലയോര റോഡുകൾ താൽക്കാലികമായി അടച്ചു. വാദികൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലീസ് ഉൾപ്പെടെ സുരക്ഷാ ഏജൻസികൾ കർശന നിർദേശം നൽകി. വരും ദിവസങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നും നിർദേശമുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് പലയിടങ്ങളിലും ഔട്ഡോർ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നും നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കു, കിഴക്കു ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തണുപ്പ് വർധിക്കും.

കാറ്റിന്റെ വേഗം മണിക്കൂറിൽ 15 മുതൽ 60 കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളുള്ളവർ മുൻകരുതൽ സ്വീകരിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും സൂക്ഷിക്കണം. ജനുവരി ഒന്നിന് കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ആകാശം മേഘാവൃതമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top