ublnews.com

ശ്രദ്ധിക്കുക, യുഎഇയിൽ നിയമങ്ങൾ മാറുന്നു

സ്വപ്നങ്ങളുടെ നഗരമായ യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരും ഇവിടെ ബിസിനസ് നടത്തുന്നവരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ അധികൃതർ ഇപ്പോൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും പ്രവാസികളെ വലിയ ചതിക്കുഴികളിലാണ് എത്തിക്കുന്നത്. വീസ സംബന്ധമായ കാര്യങ്ങളിൽ പുലർത്തുന്ന ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ യുഎഇയിലെ ഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കിയേക്കാം. പുതുവത്സരത്തിലേക്ക് കടക്കുന്ന വേളയിൽ യുഎഇയിലെ വീസ സംബന്ധമായ പുതിയ വിവരങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ്.

∙ നിയമം കടുപ്പമാണ്; ഐഡി ഇല്ലാതെ ജോലി വേണ്ട
യുഎഇ നിയമപ്രകാരം ഒരാൾ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കണമെങ്കിൽ വീസ നടപടികൾ പൂർത്തിയാക്കി എമിറേറ്റ്സ് ഐഡി (തിരിച്ചറിയൽ കാർഡ്) കയ്യിൽ കിട്ടിയിരിക്കണം. പലപ്പോഴും വീസ പ്രോസസിങ് നടക്കുന്നു എന്ന വിശ്വാസത്തിൽ ഐഡി ലഭിക്കുന്നതിന് മുൻപേ ജോലി തുടങ്ങുന്നത് നിയമലംഘനമാണ്. തൊഴിലിടങ്ങളിലെ പരിശോധനകൾ ലേബർ വകുപ്പ് ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകൾ, ഹോട്ടലുകൾ, ചെറുകിട-വൻകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം അധികൃതർ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. നിയമപരമായ രേഖകളില്ലാതെ ജോലി ചെയ്ത് പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.

ഭർത്താവിന്റെ കൂടെ സന്തോഷമായി ജീവിക്കാൻ എത്തുന്ന പലരും നിയമം അറിയാതെ ജോലിയിൽ പ്രവേശിച്ച് കുഴപ്പത്തിൽ ചാടാറുണ്ട്. ഹസ്ബൻഡ് വീസയിൽ കഴിയുന്ന സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും ലേബർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള വർക്ക് പെർമിറ്റ് വാങ്ങിയിരിക്കണം. ഇത് കൂടാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുക. നിയമം ലംഘിക്കുന്നവരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നുണ്ട്.

സാധാരണയായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വീസയിൽ വന്ന് ജോലി കണ്ടെത്തി തൊഴിൽ വീസയിലേക്ക് മാറുകയാണ് പതിവ്. എന്നാൽ കമ്പനിയുടെ ആവശ്യപ്രകാരം ടൂറിസ്റ്റ് വീസയിൽ ഇരുന്നുതന്നെ ജോലി തുടങ്ങുന്നത് വലിയ നിയമക്കുരുക്കിന് വഴിവയ്ക്കും. ഇത്തരത്തിൽ ജോലി ചെയ്യിക്കുന്ന കമ്പനി ഉടമയ്ക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. സന്ദർശക വീസയിൽ ജോലി ചെയ്യുമ്പോൾ ശമ്പളം ലഭിച്ചില്ലെങ്കിൽ പോലും ലേബർ ഡിപ്പാർട്ട്‌മെന്റിൽ പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമില്ലെന്ന കാര്യവും വിസ്മരിക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top