
സ്പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, എ.ഐ.എഫ്.എഫ് ഉടമസ്ഥതയിൽ തന്നെ ലീഗ് സംഘടിപ്പിക്കാൻ ഫെഡറേഷൻ യോഗത്തിൽ തീരുമാനം. അനിശ്ചിതമായി വൈകുന്ന 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കാനും വെള്ളിയാഴ്ച ചേർന്ന വിപുലമായ യോഗത്തിൽ തീരുമാനമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉടമസ്ഥതയും സംഘാടനവും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നേതൃത്വത്തിലാണ് 20 വർഷത്തെ ലീഗ് സീസൺ ആസൂത്രണം ചെയ്യുന്നത്.
എല്ലാ വർഷവും ജൂൺ ഒന്നിന് തുടങ്ങി മേയ് 31 വരെ 12 മാസം നീണ്ടു നിൽക്കുന്നതാവും ഒരു സീസൺ. പുതിയ ലീഗ് സീസൺ 2026-27ൽ ആരംഭിക്കും. ലീഗ് പ്രമോഷനും, തരംതാഴ്ത്തലും ഉൾപ്പെടെ എ.എഫ്.സി നിയമാവലികൾ പാലിച്ചായിരിക്കും സംഘാടനം.
70 കോടി ബജറ്റ് നിശ്ചയിച്ച്, ചിലവുകൾ പരമാവധി ചുരുക്കി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതി. സമ്മാനത്തുക, ലീഗ് നടത്തിപ്പ് ചിലവുകൾ എന്നിവ സെൻട്രൽ ഓപറേഷണൽ ബജറ്റിൽ ഉൾപ്പെടുത്തും.