
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവർക്ക് ദുബായിൽ തടവുശിക്ഷ. അമിതവേഗത്തിലെത്തിയ വാഹനം ചുവപ്പുസിഗ്നൽ അവഗണിച്ചു മുന്നോട്ട് പാഞ്ഞതിനെത്തുടർന്ന് മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരGക്കേറ്റു. പ്രതിയെ റിമാൻഡ് ചെയ്തതായും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ, മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎഇയുടെ പരിഷ്കരിച്ച ഗതാഗത നിയമപ്രകാരം മദ്യപിച്ചും ലഹരിമരുന്നിന് അടിമപ്പെട്ടും വാഹനമോടിക്കുന്നവർക്ക് വലിയ തുക പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക.
∙ ശിക്ഷാ നടപടികൾ
പുതിയ നിയമം അനുസരിച്ച് ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്താം. കൂടാതെ ആദ്യത്തെ തവണ തടവുശിക്ഷയും കുറഞ്ഞത് 30,000 ദിർഹം പിഴയും ചുമത്തും. ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കും. രണ്ടാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും. മൂന്നാം തവണ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിനെതിരെ കർശന നിലപാടാണ് ദുബായ് ട്രാഫിക് കോടതി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ കേസിൽ രണ്ടു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇൻഷുറൻസില്ലാത്ത വാഹനം കാലഹരണപ്പെട്ട ലൈസൻസുമായി ലഹരി ഉപയോഗിച്ച് ഓടിച്ചതിനായിരുന്നു നടപടി. ഈ വർഷം ആദ്യം അൽ ഖുദ്രയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ അറബ് വനിതയ്ക്ക് 10,000 ദിർഹം പിഴയും മരിച്ചയാളുടെ കുടുംബത്തിന് 2,00,000 ദിർഹം ബ്ലഡ് മണി(ദിയാധനം)യും നൽകാൻ കോടതി വിധിച്ചിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.