ublnews.com

പുതുവത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ആർടിഎമെട്രോ 43 മണിക്കൂർ സർവീസ് നടത്തും

പുതുവത്സരപ്പിറവി ആഘോഷമാക്കാൻ ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി ഗതാഗത രംഗത്ത് വിപുലമായ ഒരുക്കങ്ങളുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ചരിത്രത്തിലാദ്യമായി മെട്രോ ട്രെയിനുകൾ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഇൌ മാസം 31 ന് രാവിലെ 5 ന് തുടങ്ങുന്ന മെട്രോ പ്രയാണം ജനുവരി 1 ന് അർധരാത്രി 11.59 വരെ നീളും. റെഡ്, ഗ്രീൻ ലൈനുകളിൽ ഈ സൗകര്യം ലഭ്യമാകും. ദുബായ് ട്രാമും 43 മണിക്കൂർ നിർത്താതെ ഓടും.

ബുർജ് ഖലീഫ, ഡൗൺടൗൺ മേഖലകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇൌ മാസം 31 വൈകുന്നേരം 4 മണി മുതൽ റോഡുകൾ ഘട്ടങ്ങളായി അടച്ചുതുടങ്ങും. രാത്രി 11 മണിയോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കും.

അടയ്ക്കുന്ന പ്രധാന റോഡുകൾ: അൽ അസായൽ സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെന്റർ റോഡ് (അപ്പർ & ലോവർ), അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, അൽ സുഖൂക്ക് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മെട്രോയ്ക്ക് പുറമെ 14,000 ടാക്സികളും 1,300 ബസുകളും 18,000 ആഡംബര വാഹനങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തും. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ഇതര പാതകളെക്കുറിച്ചും തത്സമയ വിവരങ്ങൾ നൽകാൻ സ്മാർട്ട് സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൗൺടൗൺ മേഖലയിൽ 20,000 പാർക്കിങ് സ്ഥലങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ആർടിഎ വ്യക്തമാക്കി. അൽ വാസൽ ക്ലബ്, അൽ ഖിഫാഫ് എന്നിവിടങ്ങളിൽ അധിക പാർക്കിങ് സൗകര്യമുണ്ടാകും.

5,500 ജീവനക്കാരെയാണ് ഈ പ്രത്യേക ദൗത്യത്തിനായി ആർടിഎ ഫീൽഡിൽ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 2.5 ദശലക്ഷം ആളുകളാണ് പുതുവത്സര ദിനത്തിൽ പൊതുഗതാഗതം ഉപയോഗിച്ചത്. ഇത്തവണ ഈ റെക്കോർഡ് ഭേദിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുമായി ചേർന്നുള്ള സംയുക്ത കൺട്രോൾ റൂമിലൂടെ ഓരോ നിമിഷവും ഗതാഗത സ്ഥിതി നിരീക്ഷിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top