ublnews.com

തടവുകാരെ കൈമാറാൻ യമൻ സർക്കാർ-ഹൂതി കരാർ; സ്വാഗതം ചെയ്ത് സൗദി

യമനിലെ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിനായി ഒപ്പുവെച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഒമാൻ തലസ്ഥാനമായ മസ്കത്തിൽവെച്ചാണ് യമൻ സർക്കാരും ഹൂതി ഗ്രൂപ്പും കരാർ ഒപ്പുവെച്ചത്. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും പരസ്പര വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള അവസരമാണിതെന്ന് സൗദി അഭിപ്രായപ്പെട്ടു.

ഡിസംബർ ഒന്ന് മുതൽ 23 വരെ നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലും സമവായ ശ്രമങ്ങളെ പിന്തുണക്കുന്നതിലും ഒമാൻ നടത്തിയ ആത്മാർഥമായ ഇടപെടലിനെയും ഉദാരമായ ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്റെ ഓഫിസ്, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി, ഈ ചർച്ചകളിൽ ഉൾപ്പെട്ട മറ്റെല്ലാ കക്ഷികൾ തുടങ്ങിയവരുടെയും ശ്രമങ്ങളെയും സൗദി പ്രശംസിച്ചു.

യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി പിന്തുണ ആവർത്തിച്ചു. ഇരുവശത്തുനിന്നുമുള്ള ചർച്ചാസംഘത്തിന്റെ ശ്രമങ്ങളെ യമനിലെ അംബാസഡർ മുഹമ്മദ് അൽ ജാബർ അഭിനന്ദിച്ചു. അവർ വിജയകരമായ ഒരു ധാരണയിലെത്തിയെന്നും ഈ കരാർ മാനുഷിക പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിരിമുറുക്കങ്ങൾ കുറക്കുന്നതിനും യമനിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top