ublnews.com

ആർ.ശ്രീലേഖയുടെ പേരില്ല; വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി, ആശാ നാഥ് ഡപ്യൂട്ടി മേയറാകും

ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ നയിക്കാനുള്ള നിയോഗം മുതിർന്ന നേതാവ് വി.വി.രാജേഷിന്. കൊടുങ്ങാനൂർ വാർഡിൽനിന്നു വിജയിച്ച വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയമാണ് രാജേഷിന് നറുക്കു വീഴാൻ കാരണമായത്. ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ രാജേഷിനായിരുന്നു.

ആർ. ശ്രീലേഖ ഡപ്യൂട്ടി മേയർ ആകില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള ഒരു സീറ്റിൽ അവർ മത്സരിക്കും. രാവിലെ മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. കരുമം മണ്ഡലത്തില്‍നിന്നു വിജയിച്ച ആശാനാഥ് ഡപ്യൂട്ടി ചെയര്‍മാനാകും. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍നിന്ന് മേയറെയും നേമം മണ്ഡലത്തില്‍നിന്ന് ഡപ്യൂട്ടി മേയറെയുമാണ് നിയോഗിച്ചിരിക്കുന്നത്.

മറ്റു മുന്നണികളിൽനിന്ന് കരുത്തരായ നേതാക്കൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട് എത്തിയിരിക്കുന്ന സാഹചര്യത്തിൽ അവരെ നേരിടാൻ രാഷ്ട്രീയ പരിചയമുള്ള ഒരാൾ തന്നെ മേയറായി എത്തണമെന്ന പൊതുഅഭിപ്രായമാണ് ബിജെപിയിൽ ഉയർന്നത്. ആർഎസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം കോർപറേഷനിൽ അഴിമതി ആരോപണം ഉൾപ്പെടെ ഉന്നയിച്ച് രാജേഷിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ ബിജെപി സംഘടിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top