
തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രകടനത്തെ ശബരിമല സ്വർണക്കൊള്ള വിവാദം കാര്യമായി ബാധിച്ചില്ലെന്നും അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി ബിജെപിയുടെ യോഗി ആദിത്യനാഥിന്റെ കത്ത് പ്രാധാന്യത്തോടെ വായിച്ചതു രാഷ്ട്രീയമായി തിരിച്ചടിച്ചെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. അയ്യപ്പ സംഗമം നടന്നപ്പോൾ കത്തുവായിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണു വിമർശനം ഉയർന്നത്. സിപിഎം – ബിജെപി അന്തർധാര എന്ന പ്രചാരണത്തിന് ഇതു ശക്തി പകർന്നു. യോഗി ആദിത്യനാഥ് നേരിട്ടെത്തി പ്രസംഗിച്ചിരുന്നെങ്കിൽപ്പോലും ഇത്രയും തിരിച്ചടിയുണ്ടാകില്ലായിരുന്നെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നതിൽ കവിഞ്ഞ പ്രാധാന്യം അതിന് ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വിമർശനം.
തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കോട്ടം സംഭവിച്ചെന്നും യോഗം വിലയിരുത്തി. ലോക്കൽ, ഏരിയ സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന തീരുമാനം പല സ്ഥലത്തും പാലിച്ചില്ല. നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹം വർധിച്ചു. ഇതു ക്ഷീണമുണ്ടാക്കി. ചില സ്ഥലങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കം പാളി. ഇങ്ങനെ മത്സരിച്ച ഭൂരിഭാഗം പേരും തോറ്റു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച പാർട്ടി അംഗങ്ങളോടു വിശദീകരണം തേടും. വിവിധ മേഖലകളിൽ പ്രശസ്തരായ പൊതു സ്വതന്ത്രരെ മത്സരിപ്പിക്കുന്ന രീതിയിലും വീഴ്ചയുണ്ടായി. ഇതും തിരിച്ചടിയാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്കു വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് അവിടെ ഭൂരിഭാഗം എണ്ണത്തിലും ഭരണം നഷ്ടപ്പെടുത്തിയത്.
ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾ പാർട്ടി അംഗങ്ങളിൽ നിന്നുണ്ടായെന്നും വിമർശനം ഉയർന്നു. താഴെത്തട്ട് വരെ പഠനം നടത്തി ജില്ലാ കമ്മിറ്റി ക്രോഡീകരിക്കുന്ന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്കു നൽകും. ഇവിടെ ചർച്ച ചെയ്തു തിരികെ നൽകുന്ന റിപ്പോർട്ടിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴുള്ള വീഴ്ചകൾ പരിഹരിച്ചു മുന്നോട്ടു പോകണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. അയ്യപ്പ സംഗമത്തിന് അതിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നാണ് യോഗി ആദിത്യനാഥ് ആശംസ അറയിച്ചിരുന്നത്.