
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൽ ലൈവ് സ്ട്രീമിങ്ങിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് യുവതിക്ക് ആറുമാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് ഉത്തരവ്. ഒരാളുടെ വ്യക്തിത്വത്തെയോ സാമൂഹിക പദവിയെയോ മോശമായി ബാധിക്കുന്ന തരത്തിൽ ആശയവിനിമയം നടത്തുന്നത് കുറ്റകരമാണെന്ന് കാണിക്കുന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരമാണ് നടപടി.
പരാതിക്കാരിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലും അവരുടെ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങളാണ് യുവതി നടത്തിയത്. ഈജിപ്ഷ്യൻ പ്രാദേശിക ഭാഷയിലുള്ള (മിസ്‌രി) ഈ അധിക്ഷേപങ്ങൾ അങ്ങേയറ്റം അരോചകവും സാമൂഹിക മര്യാദകൾ ലംഘിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.
തടവ് ശിക്ഷയ്ക്കും നാടുകടത്തലിനും പുറമെ കോടതി ഫീസുകൾ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇരയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം തേടിയുള്ള സിവിൽ ക്ലെയിം പ്രത്യേക സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. സോഷ്യൽ മീഡിയയിലൂടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരാളെ അപകീർത്തിപ്പെടുത്താനുള്ള ലൈസൻസല്ലെന്ന കർശന താക്കീതാണ് ഈ വിധിയിലൂടെ കോടതി നൽകുന്നത്.