
ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടെന്നും നീതി ഉറപ്പാക്കണമെന്നും അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീൻ ഇന്നലെ മാധ്യമങ്ങളോടും അത് ആവർത്തിച്ചു.
പ്രായപൂർത്തിയാകുന്നതിനു മുൻപ്, 1996ൽ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു കൊല്ലാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു തന്നെ വിവാഹം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. അതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
‘‘കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തു കുടുംബത്തിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ പീഡനങ്ങൾ അക്കാലത്തു സഹിക്കേണ്ടിവന്നു. പിതാവ് മരിച്ചതു പോലും 2 വർഷങ്ങൾക്കു ശേഷമാണ് ഞാൻ അറിഞ്ഞത്. ജീവിതം മടുത്തു പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. രാജ്യത്തു മുത്തലാഖ് നിർത്തലാക്കാൻ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങൾ പ്രശംസനീയമാണ്. എനിക്കും നീതി വേണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെങ്കിൽ സ്ത്രീകൾക്കെതിരെ ക്രൂരമായി പെരുമാറാൻ ഒരാളും തയാറാകില്ല’’– ഹസീൻ പറഞ്ഞു.