
ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം ഇന്ന് റാവൽപിണ്ടിയിൽ നടക്കാനിരിക്കെ കനത്ത ജാഗ്രതയോടെ പാക്കിസ്ഥാൻ. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ച് തടയാൻ കനത്ത സുരക്ഷയാണ് റാവൽപിണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും സൈനികരെയും വിന്യസിച്ചു. പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനമാണ് റാവൽപിണ്ടി. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐക്ക് പുറമെ, ജമാഅത്തെ-ഇ-ഇസ്ലാമിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. തോഷഖാന കേസിൽ കഴിഞ്ഞ ദിവസമാണ് 73 വയസുകാരനായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ശനിയാഴ്ച 17 വർഷം വീതം തടവ് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ഇമ്രാനെതിരെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇമ്രാൻ ഖാന്റെ എക്സ് പോസ്റ്റ് പുറത്തുവന്നത്.