
യുഎഇയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്ക് നേരിയ ശമനം. കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ രാജ്യം ഇന്ന് തെളിഞ്ഞ കാലാവസ്ഥയിലേക്കും തണുപ്പിന്റെ കാഠിന്യത്തിലേക്കും നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) വിലയിരുത്തൽ.
ഇന്ന്(22) രാവിലെ മുതൽ മിക്കയിടങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. എങ്കിലും ഇടയ്ക്ക് വെയിൽ തെളിയുന്നത് ജനങ്ങൾക്ക് ആശ്വാസമാകും. അതേസമയം, ഉൾപ്രദേശങ്ങളിലും പർവ്വതനിരകളിലും തണുപ്പ് വർധിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. പകൽ താപനില 24 ഡിഗ്രിയിൽ ക്രമപ്പെടും. തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും ഇന്നും നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.
മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ പൂർണമായും മാറിയിട്ടില്ല. അതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും വിനോദസഞ്ചാരികളും കാലാവസ്ഥാ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.