
യുഎഇയിലെ ഹോട്ടൽ താമസക്കാരുടെ എണ്ണം ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ഈ വർഷം ആദ്യ 10 മാസത്തെ കണക്കനുസരിച്ച് 79.3 ശതമാനമാണ് ഹോട്ടൽ ഒക്യുപെൻസി നിരക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 78 ശതമാനമായിരുന്നു. ഈ കാലയളവിൽ ഹോട്ടൽ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം 8900 കോടി ദിർഹത്തിൽ എത്തി. നിലവിൽ രാജ്യത്തുടനീളം 1,243 ഹോട്ടലുകളിലായി 2.16 ലക്ഷത്തിലധികം മുറികൾ ലഭ്യമാണ്.
കഴിഞ്ഞ വർഷം യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 13 ശതമാനവും (25730 കോടി ദിർഹം) ടൂറിസം മേഖലയുടെ സംഭാവനയായിരുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഇത് 17 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ടൂറിസം മേഖല നിലവിൽ 9.2ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. വർഷം മുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വേൾഡ്സ് കൂളസ്റ്റ് വിന്റർ ക്യാംപെയ്ന്റെ ആറാം പതിപ്പിനോടനുബന്ധിച്ചാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല ക്യാംപെയ്ൻ ആഭ്യന്തര ടൂറിസം വർധിപ്പിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. ടൂറിസം നിക്ഷേപം കഴിഞ്ഞ വർഷം 3220 കോടി ദിർഹത്തിലെത്തി, 2023ൽ 2880 കോടിയായിരുന്നു. നടപ്പു വർഷം ഇത് 3520 കോടി ദിർഹമായി ഉയരുമെന്നാണ് പ്രതീക്ഷ.