
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച തുടരുന്നു. വടക്കൻ റിയാദിലും അൽഖസീമിലും നാളെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്താനി പറഞ്ഞു. തബൂക്ക്, ഹായിൽ പ്രവിശ്യകളിലെ ഹൈറേഞ്ചുകളിൽ ഇന്ന് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇന്ന് രാത്രിയും നാളെ പുലർച്ചെയും താപനില ഗണ്യമായി കുറയുമെന്നും ഹൈറേഞ്ച് പ്രദേശങ്ങളിൽ മഞ്ഞുമഴയ്ക്ക് സാധ്യതയുണ്ടെന്നും ഹുസൈൻ അൽഖഹ്ത്താനി പറഞ്ഞു.
അതേസമയം, ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ ജബലുല്ലോസിൽ കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഉയർന്ന പ്രദേശങ്ങൾ മഞ്ഞുകൊണ്ട് മൂടി.
ഈ ഭാഗത്ത് ശക്തമായ കാറ്റ് വീശുകയും ചെയ്തു. താപനില ഗണ്യമായി കുറഞ്ഞ് മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെയായി. ഈ മേഖലയിൽ നോക്കെത്താ ദൂരത്തോളം മഞ്ഞു വീണുകിടക്കുന്ന കാഴ്ചയാണുള്ളത്.