
നയതന്ത്ര പാസ്‌പോർട്ടുള്ളവർക്ക് ഹ്രസ്വകാല സന്ദർശനങ്ങൾക്കായി വീസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ പരസ്പര കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കൈവശമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പ്രതിനിധികൾക്കും ഇനി മുതൽ വീസ നടപടികളില്ലാതെ തന്നെ സൗദിയിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാൻ സാധിക്കും.
റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനെ പ്രതിനിധീകരിച്ച് പ്രോട്ടോക്കോൾ കാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൾമജിദ് അൽ സമാരിയും സൗദിയിലെ ഇന്ത്യൻ സ്ഥാനപതി സുഹൈൽ ഇജാസ് ഖാനുമാണ് കരാർ കൈമാറിയത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും നയതന്ത്രജ്ഞർക്കും മറ്റ് ഔദ്യോഗിക പ്രതിനിധികൾക്കും അവരുടെ വിദേശ ദൗത്യങ്ങൾക്കായി നൽകുന്ന പ്രത്യേക യാത്രാ രേഖയാണ് നയതന്ത്ര പാസ്‌പോർട്ട്. സാധാരണ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഔദ്യോഗിക ചുമതലകൾ സുഗമമാക്കുന്നതിന് വേഗത്തിലുള്ള യാത്രാ നടപടികൾ, വീസ ഇളവുകൾ, നയതന്ത്ര പരിരക്ഷ തുടങ്ങിയ വിപുലമായ ആനുകൂല്യങ്ങൾ ഈ പാസ്‌പോർട്ട് ഉടമകൾക്ക് ലഭിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥ തലത്തിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ കരാർ വഴിയൊരുക്കും.