
കനത്ത മഴ കാരണം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളം ഇന്ന് (വെള്ളി) കടുത്ത യാത്രാ തടസ്സങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്ന് കൊച്ചി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും യൂറോപ്പ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പോകേണ്ട 13ൽ അധികം സർവീസുകൾ എമിറേറ്റ്സ് റദ്ദാക്കി.
ഫ്രാങ്ക്ഫർട്ട്, ഇൻചിയോൺ, കൊളംബോ, മാലി, മസ്‌കത്ത്, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് എമിറേറ്റ്സ് യാത്രക്കാർക്ക് നിർദ്ദേശം നൽകി. റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ അവസാന നിമിഷം എയർപോർട്ടിലേക്ക് എത്തുന്നത് അസാധ്യമായേക്കാം.
എയർപോർട്ടിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ടാക്സികൾക്കും സ്വകാര്യ വാഹനങ്ങൾക്കും എത്താൻ പ്രയാസമാണ്. അതിനാൽ യാത്രക്കാർ ‘ദുബായ് മെട്രോ’ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഷാർജയിലെ അൽ ഖാൻ പാലം, അൽ വഹ്ദ സ്ട്രീറ്റ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (ഡിഐപി) പരിസരം എന്നിവിടങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദുബായ്-ഷാർജ-അജ്മാൻ ഇന്റർസിറ്റി ബസ് സർവീസുകൾ നിർത്തിവച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ പ്രധാന എക്സിറ്റുകൾ വെള്ളക്കെട്ട് മൂലം അടച്ചു.
അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയും തണുപ്പും തുടരുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു.