
ദുബായിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പൈലറ്റ് ഓപ്പറേഷൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഈ നൂതന പദ്ധതിയിലൂടെ പ്രവർത്തന സമയം 50% വരെ കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും പ്രവർത്തന ചെലവ് കുറയ്ക്കാനും സാധിക്കും.
ട്രാഫിക് ഓപറേഷൻ പ്രക്രിയകളിൽ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎയുടെ ഈ നീക്കം. പരമ്പരാഗത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധനവും ജല ഉപഭോഗവും പുറന്തള്ളുന്ന വാതകങ്ങളും കുറയ്ക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. ക്ലീനിങ് ജോലികൾക്കായി സാധാരണയായി ഉപയോഗിക്കുന്ന ‘മാൻലിഫ്റ്റിന്റെ’ ആവശ്യം ഒഴിവാക്കുന്നതിലൂടെ സുരക്ഷാ നിലവാരം ഉയർത്താൻ ഡ്രോൺ സാങ്കേതികവിദ്യ സഹായിക്കും. മാത്രമല്ല, ഭാരം കൂടിയ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവർത്തന ചെലവിൽ കാര്യമായ കുറവുണ്ടാകും.
മറാക്കിഷ് സ്ട്രീറ്റ്–റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ ആദ്യ ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ക്ലീനിങ് സമയം 25% മുതൽ 50% വരെ കുറയ്ക്കാൻ സാധിച്ചതായി ആർടിഎ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് പറഞ്ഞു. പരമ്പരാഗത രീതികളെ അപേക്ഷിച്ച് പ്രവർത്തന ചെലവിൽ 15% വരെ കുറവുണ്ടായതായി പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. കൂടുതൽ നൂതന ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് 25% വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഡ്രോൺ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷൻ തുടരുമെന്നും ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കി ഉയർന്ന സുരക്ഷാ നിലവാരം കൈവരിക്കുന്നതിലായിരിക്കും അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ആർടിഎ അറിയിച്ചു.