ublnews.com

മെസ്സിയുടെ പരിപാടിക്കിടെയുണ്ടായ സംഘർഷം; ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലയണൽ മെസ്സിയുടെ ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി സമർപ്പിച്ചു. സ്വന്തം കൈപ്പടയിൽ എഴുതി മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകിയ രാജി കത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മമത ബാനർജി അരൂപിന്റെ രാജി സ്വീകരിച്ചതായാണ് വിവരം.

തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ അരൂപ് മമതയുടെ വിശ്വസ്തരിൽ ഒരാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ഈ തീരുമാനം ജനങ്ങൾക്കിടയിൽ തൃണമൂലിന് പിന്തുണയ്ക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതെ നോക്കണമെന്നും എല്ലാവരുടെയും മുന്നിൽ നമ്മുടെ നാടിൻ്റെ പേര് നശിപ്പിക്കരുതെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ കാണികൾക്ക് വ്യക്തമായി കാണാനാകാത്തതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. പരിപാടിയിൽ പങ്കെടുത്തയുടനെ തന്നെ മെസ്സി വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. മെസ്സിയെ ഒരുനോക്ക് കാണാനായില്ലെന്ന് ആരോപിച്ച് കാണികൾ സ്റ്റേഡിയത്തിലെ സീറ്റുകൾ തല്ലിത്തകർക്കുകയും മൈതാനത്ത് കുപ്പികൾ എറിയുകയും ചെയ്തു.

ആരാധകരെ അഭിസംബോധന ചെയ്യാതെയാണ് മെസ്സി ഗ്രൗണ്ട് വിട്ടത്. ഇതോടെ പ്രകോപിതരായ കാണികൾ കുപ്പി ഉൾപ്പെടെ കൈയിലുണ്ടായിരുന്നവ സ്റ്റേഡിയത്തിലേക്ക് എറിയുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോഹൻ ബഗാൻ-ഡയമണ്ട് ഹാർബർ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മെസ്സിയെ പിന്തുടരുകയായിരുന്നു. ഇതോടെ അക്ഷമരായ ആരാധകർ പലതവണ മെസ്സിയെ സ്വതന്ത്രനാക്കാൻ ആവശ്യപ്പെട്ട് ആർത്തുവിളിച്ചെങ്കിലും അംഗീകരിച്ചില്ല. സംഘാടകനായ സതാദ്രു ദത്തയും ബംഗാൾ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ കൂടെയുണ്ടായിരുന്നു. മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് ദത്തയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top