
അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ ദുബായ് പൊലീസ് നൂറുകണക്കിനു കുട്ടികളെ രക്ഷപ്പെടുത്തി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 4568 കേസുകളിൽ 239 കേസുകളും വാഹനങ്ങളിൽ കുട്ടികൾ കുടുങ്ങിയതായിരുന്നു. ബഹുനില കെട്ടിടങ്ങളിൽ കുടുങ്ങിയ 46 കുട്ടികളെയും രക്ഷപ്പെടുത്തി.
രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഭൂരിഭാഗം കേസുകളിലേക്കും നയിച്ചതെന്നും സൂചിപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വൻ വില കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് കടുത്ത വേനലിൽ കുട്ടികൾ വാഹനത്തിൽ അകപ്പെട്ടാൽ നിമിഷങ്ങൾക്കകം മരണം വരെ സംഭവിക്കാം.
വഴി യാത്രക്കാരോ മറ്റോ കണ്ട് തക്ക സമയത്ത് വിവരം അറിയിച്ചതിനാലാണ് പൊലീസിനു രക്ഷിക്കാനായത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും പൊലീസ് ഓർമിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പൊലീസ് ബോധവൽക്കരണം നൽകുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണം. ദുബായ് പൊലീസിലെ അത്യാഹിതവിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ഏത് അത്യാഹിതവും നേരിടാൻ സജ്ജരാണെന്നും എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ റാഷിദ് അൽ ഫലാസി പറഞ്ഞു.