
വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-യുഎഇ ധാരണ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെയും സംയുക്ത അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന സംയുക്ത സമിതിയിലും അഞ്ചാമത് സ്ട്രാറ്റജിക് ഡയലോഗിലുമാണ് ഇതുസംബന്ധിച്ച ധാരണയായത്.
ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം, എണ്ണ,വാതകം തുടങ്ങിയ മേഖലകളിലെ നിക്ഷേപം വർധിപ്പിക്കും. പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉൽപാദനം, സൈനികാഭ്യാസങ്ങൾ, സാങ്കേതിക കൈമാറ്റം എന്നിവയുടെ സാധ്യതകളും ചർച്ച ചെയ്തു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും കൈകോർക്കാനും ഈ വിഷയത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചു. സാംസ്കാരിക, സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വർധിപ്പിക്കും.
തന്ത്രപ്രധാന പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സെപ) നടപ്പാക്കിയതും വിലയിരുത്തി. സെപ കരാറിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 8500 കോടി ഡോളറിലെത്തിയതായും അടുത്ത 5 വർഷത്തിനകം 10,000 കോടി ഡോളർ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായും വിലയിരുത്തി.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ യുഎഇയുടെ നിക്ഷേപങ്ങൾ ഉടൻ യാഥാർഥ്യമാകുമെന്ന സൂചനയും നൽകി. അബുദാബിയിൽ നടന്ന സർ ബനിയാസ് ഫോറത്തിലും മന്ത്രി പങ്കെടുത്തു.