
യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മൊത്തം 311 കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജീവനക്കാരുടെയും തൊഴിലുടമകളുടെയും റിക്രൂട്ടിങ് ഏജൻസികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന്റെയും സേവന നിലവാരം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കൂടുതൽ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്.
റിക്രൂട്മെന്റ്, അനുബന്ധ സേവനങ്ങൾ, മാർഗനിർദേശം എന്നിവ ഈ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്നു. മന്ത്രാലയം അംഗീകരിച്ച ഇ– കരാറുകൾ അനുസരിച്ച് വ്യക്തമായ മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടാകും ഇവയുടെ പ്രവർത്തനം. ഗാർഹിക റിക്രൂട്മെന്റിന് അംഗീകൃത കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ. 7 എമിറേറ്റുകളിലും അംഗീകൃത കേന്ദ്രങ്ങൾ വ്യാപകമായതോടെ വ്യാജ റിക്രൂട്മെന്റിന്റെ കെണിയിൽനിന്ന് രക്ഷ നേടാം.
നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുമെന്നും വൻ തുക പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റിനായി 136 റിക്രൂട്ടിങ് കേന്ദ്രങ്ങൾക്കു പുറമെ 175 ബിസിനസ് സെന്ററുകളും യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ദുബായ് 117 കേന്ദ്രങ്ങളും ദുബായിലാണ്. അബുദാബി 93, ഷാർജ 52, അജ്മാൻ 30, റാസൽഖൈമ 20, ഫുജൈറ 12, ഉമ്മുൽഖുവൈൻ 2 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ അംഗീകൃത സ്ഥാപനങ്ങൾ.
വീസയ്ക്കോ യാത്രാ ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ ഉദ്യോഗാർഥികൾ പണം നൽകരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം. വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല.
പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം, അക്രമിക്കരുത്, കൃത്യമായി വേതനം നൽകണം. തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കണം എന്നും ഓർമിപ്പിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ച അൽഐനിലെ 11 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഈ വർഷം ആദ്യ 6 മാസത്തിനിടെ നിയമം ലംഘിച്ച 40 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാജ റിക്രൂട്ടിങ് നടത്തിയ 77 സമൂഹ മാധ്യമ അക്കൗണ്ടുകളും റദ്ദാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെയോ ഓൺലൈൻ പ്ലാറ്റ്ഫോമുകളെയോ കുറിച്ച് അറിയുന്നവർ അറിയിക്കണം. ഫോൺ: 600 590000, 80084