ublnews.com

സിഡ്നി വെടിവയ്പ്; മരണം 16 ആയി

സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരണം 16 ആയി ഉയർന്നു. ഒട്ടേറെ പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. അച്ഛനും മകനും ചേര്‍ന്ന് നടത്തിയ ഭീകരാക്രമണമെന്ന് ഓസ്ട്രേലിയൻ അധികൃതർ പ്രഖ്യാപിച്ചു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു എന്നും, രണ്ടാമത്തെയാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

50–കാരനായ പിതാവിനെയാണ് പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയത്. 24–കാരനായ മകന്‍ ആശുപത്രിയിലാണെന്നാണ് വിവരം. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ബോണ്ടി ബീച്ചിലെത്തി ആല്‍ബനീസ് പുഷ്പാര്‍ച്ചന നടത്തി. ‘രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’ എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് ബോണ്ടി ബീച്ച് പരിസരം പൂർണമായും അടച്ചുപൂട്ടി. ജനങ്ങളോട് പ്രദേശം ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകി. അന്വേഷണം പൂർത്തിയാകുന്നതുവരെ സംഭവസ്ഥലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top