
ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ കനത്ത മഴ. ഖസബ്, ബുഖ, ദിബ്ബ വിലായത്തുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വാദികള്‍ നിറഞ്ഞൊഴുകിയതിനാലും ശക്തമായ കാറ്റുമുണ്ടായിരുന്നതിനാൽ സുരക്ഷാ നിര്‍ദേശങ്ങളുമായി റോയല്‍ ഒമാൻ പൊലീസും സിവില്‍ ഡിഫന്‍സ് ആന്റ് ആംബലുന്‍സ് വിഭാഗവും രംഗത്തുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളില്‍ ഡിസംബര്‍ 20 വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും വാദികള്‍, താഴ്വരകള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരാനും സാധ്യത.