
നിയമവിരുദ്ധ ലഹരിവസ്തു അടങ്ങിയ ചുമമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സംഘത്തിന്റെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി, ജോൻപുർ, സഹാറൻപുർ, ജാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലെ 25 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി.
കേസിലെ പ്രധാന പ്രതി ശുഭം ജയ്സ്വാൾ വിദേശത്തേക്കു കടന്നിരുന്നു. ഇയാളുടെ പിതാവ് ഭോല പ്രസാദ് ജയ്സ്വാളിനെ വിദേശത്തേക്കു പോകാനായി കൊൽക്കത്ത വിമാനത്താവളത്തിലെത്തിയപ്പോൾ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്നൗവിനു സമീപമുള്ള ട്രാൻസ്പോർട്ട് നഗറിൽ നിന്ന് ലഹരിവസ്തു അടങ്ങിയ 46,891 കുപ്പി ചുമമരുന്ന് ഇ.ഡി പിടിച്ചിരുന്നു. ഇത്തരം ചുമമരുന്ന് ബംഗ്ലദേശ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്കു കടത്തി 1000 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ആരോപണം.