
കേരളതീരത്തെ കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഒരു സ്ഥാപനം പോലും വരാത്തതു മൂലമാണിത്. കേരളത്തിനു പുറമേ ഗുജറാത്തിലും (പോർബന്തർ), നിക്കോബാർ ദ്വീപുകളിലും നടത്താനിരുന്ന ഓഫ്ഷോർ ടെൻഡർ നടപടിയും റദ്ദാക്കി. കേരളത്തിൽ കൊല്ലത്തിന് സമീപം 3 ബ്ലോക്കുകളിലെ ടെൻഡർ നടപടിക്കെതിരെ വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു.ഒരു വർഷത്തിനിടെ പത്തിലേറെ തവണയാണ് ടെൻഡറിനുള്ള സമയപരിധി നീട്ടിനൽകിയത്. എന്നിട്ടും കമ്പനികളെ ആകർഷിക്കാൻ കേന്ദ്രത്തിനായില്ല.
കേരളമടക്കം മൂന്നിടങ്ങളിലായി 13 ബ്ലോക്കുകളായി തിരിച്ചായിരുന്നു ടെൻഡർ വിളിച്ചത്. ഇതിൽ പത്തിടത്തും ഒരു കമ്പനി പോലും താൽപര്യമറിയിച്ച് എത്തിയില്ല. ആകെയെത്തിയത് ആൻഡമാൻ ദ്വീപുകളിലെ 3 ബ്ലോക്കുകളിലാണ്. എന്നാൽ ടെക്നിക്കൽ യോഗ്യതയുള്ളവരെ ഇതിൽ നിന്ന് തിരഞ്ഞെടുക്കാനും കേന്ദ്രം കഴിഞ്ഞില്ല. ഇതോടെയാണ് കഴിഞ്ഞ 2024 നവംബർ 24ന് പ്രഖ്യാപിച്ച ടെൻഡർ നടപടി പൂർണമായും റദ്ദാക്കിയത്. നിക്കോബാർ ദ്വീപുകളിൽ ബിഡ് നൽകിയ കമ്പനികളോട് നാളെ മുതൽ സെക്യൂരിറ്റി തുക തിരികെ വാങ്ങാൻ കേന്ദ്ര ഖനി മന്ത്രാലയം നിർദേശിച്ചു.