ublnews.com

ത്രിതലം തൂക്കി യുഡിഎഫ്

കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തേരോട്ടം. അതേസമയം, തിരുവനന്തപുരം നേടി എൻഡിഎ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കി.

കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.

മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ തിളക്കമാർന്ന മുന്നേറ്റം. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി.

ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 25. എട്ടെണ്ണം മറ്റുള്ളവരും സ്വന്തമാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ സാധിച്ചത്. മാനസികസംഘർഷവും സൈബർ അറ്റാക്കും ഒരുപാട് അനുഭവിച്ചെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയമാണിതെന്ന് വെെഷ്ണ പ്രതികരിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എൽഡിഎഫ് 27. കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 28, യുഡിഎഫ് 26, എൻഡിഎ 13. കണ്ണൂർ‌ കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 36, എൻഡിഎ 4

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top