
യുഎഇയിൽ ശമ്പളം യഥാസമയം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേതന സുരക്ഷാ പദ്ധതി (ഡബ്ല്യു.പി.എസ്) പൂർണമായും ഡിജിറ്റലാക്കി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വിപണിയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. യുഎഇ സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് ജീവനക്കാരുടെ ശമ്പളം കൈമാറേണ്ടത്.
ഇതുസംബന്ധിച്ച് ലുലു എക്സ്ചേഞ്ച്, അൽഅൻസാരി എക്സ്ചേഞ്ച്, ജിസിസി എക്സ്ചേഞ്ച്, അൽമർയ ബാങ്ക്, ബോട്ടിം, ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും. ഓരോ സ്ഥാപനങ്ങളും സമയബന്ധിതമായി ശമ്പളം നൽകുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യമേഖലയിലെ 99 ശതമാനം കമ്പനികളും നിലവിൽ വേതന സുരക്ഷാ പദ്ധതി വഴിയാണ് ശമ്പളം കൈമാറുന്നത്. ഇതനുസരിച്ച് മാസം 3500 കോടി ദിർഹത്തിലേറെ തുക നൽകിവരുന്നു. നിർമാണ മേഖലാ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പ്രശ്നത്തിനു പരിഹാരം കാണാനായി 2009 മുതലാണ് യുഎഇയിൽ വേതന സുരക്ഷാ പദ്ധതി നിലവിൽ വന്നത്.
ഇതോടെ യുഎഇയിൽ സ്വകാര്യമേഖലാ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പരാതികൾ ഗണ്യമായി കുറഞ്ഞു. അടുത്തിടെ വീട്ടുജോലിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് നടപടി. യുഎഇ സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്ക്, എക്സ്ചേഞ്ച്, ധനകാര്യ സ്ഥാപനം എന്നിവ മുഖേനയാണ് ശമ്പളം നൽകേണ്ടത്. ശമ്പളം ജീവനക്കാരന്റെ അക്കൌണ്ടിൽ വരവു വയ്ക്കുന്ന നിമിഷം തന്നെ അറിയിപ്പ് മന്ത്രാലയത്തിനും തൊഴിലാളിക്കും ലഭിക്കും. എടിഎം കാർഡ് ഉപയോഗിച്ച് തൊഴിലാളിക്ക് ഏതു സമയത്തും പണം പിൻവലിക്കാം.