
ന്യൂഡൽഹി∙ സമഗ്രവോട്ടർ പട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട ലോക്സഭയിലെ ചർച്ചയിൽ വാക്പോരുമായി അമിത്ഷായും രാഹുൽഗാന്ധിയും. വോട്ടുകൊള്ള സംബന്ധിച്ച തന്റെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘താൻ എന്തു സംസാരിക്കണം എന്നു താന്‍ തീരുമാനിക്കുമെന്ന്’ അമിത് ഷാ മറുപടി നൽകി.
വോട്ടർപട്ടികയിൽ യഥാർഥ വോട്ടർമാർ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്ക്കരണ നടപടികളെന്ന് അമിത്ഷാ പറഞ്ഞു. ‘‘നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികയിൽ പ്രശ്നങ്ങളില്ല. പുതു വസ്ത്രം ധരിച്ച് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിലെ പോലെ നിങ്ങൾ പരാജയപ്പെട്ടാൽ, വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയും. ഈ ഇരട്ട നിലപാട് വിലപ്പോകില്ല’’– അമിത്ഷാ പറഞ്ഞു. ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചു. ചില കുടുംബങ്ങൾ തലമുറകളായി വോട്ടു മോഷ്ടിക്കുന്നവരാണെന്നും അമിത്ഷാ പറഞ്ഞു.