ublnews.com

ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ഉപാധികളോടെ മുൻകൂൻ ജാമ്യം

തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി പറഞ്ഞു. കേസിൽ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു

നേരത്തെ, വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തിൽനിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് പരാതി നൽകാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.

ബംഗളൂരു സ്വദേശിനി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയിൽ ആയി നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. ഡി.ജി.പി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഐ.ജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്.

പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയൽ സന്ദേശം അയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് രാഹുൽ വാദിച്ചത്. പരാതിയിൽ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതിൽനിന്ന് പരാതി രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. 2023-ൽ ഏതോ ഒരു ഹോംസ്‌റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുള്ള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായതെന്നതിൽ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി യാഥാർഥ്യം ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്കാരി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസക്യൂഷൻ വാദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top