ublnews.com

തൊഴിൽ നഷ്ട ഇൻഷുറൻസ് ; മലയാളികൾ ഉൾപ്പെടെ 18,000 പേർക്ക് ആനുകൂല്യം ലഭിച്ചു

യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം മലയാളികൾ ഉൾപ്പെടെ 18,000 പേർക്ക് ആനുകൂല്യം ലഭിച്ചു. മൊത്തം 28.9 കോടി ദിർഹമാണ് ഈയിനത്തിൽ വിതരണം ചെയ്തത്. ശരാശരി 9,000 ദിർഹത്തിന് മുകളിലാണ് ആനുകൂല്യം നൽകിയത്. ചിലർക്ക് 20,000 ദിർഹം വരെ ലഭിച്ചു.

2023 ജനുവരിയിൽ ആരംഭിച്ച തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ആദ്യവർഷം തന്നെ 68 ലക്ഷം പേർ ചേർന്നു. നിലവിൽ സ്വകാര്യമേഖലയിലെ 88.38% പേരും പദ്ധതിയിൽ ചേർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തന്റേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെട്ടവർക്ക് അവസാന അടിസ്ഥാന വേതനത്തിന്റെ 60% വരെ പരമാവധി 3 മാസത്തേക്കു നഷ്ടപരിഹാരമായി നൽകുന്നതാണ് പദ്ധതി.

തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബവുമൊത്ത് മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനുമാണ് പദ്ധതി നിർബന്ധമാക്കിയത്. ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താനും സാവകാശം ലഭിക്കും.

∙ പ്രീമിയം: മാസം 5/10 ദിർഹം
പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദി‍ർഹവും ആണ് പ്രീമിയം. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം.

ജോലി നഷ്ടപ്പെട്ടാൽ ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക.

∙ ഇ–പോർട്ടൽ
ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷിക്കാനും പുതുക്കാനും സാധിക്കും. ബാങ്കിന്റെ സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top