
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാ വിധി പുറത്തു വന്ന ശേഷം അപ്പീലിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതകൾ പ്രോസിക്യൂഷൻ പരിശോധിക്കും. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു.
ചിലരെ വെറുതെ വിട്ടത് ശരിയല്ല എന്നു കാട്ടിയാണ് അപ്പീൽ നൽകുന്നതെന്ന് ടി.എ.ഷാജി പറഞ്ഞു. ‘‘കേസിൽ കുറ്റം തെളിയുകയും ആറു പേരെ ശിക്ഷിക്കുകയും ചെയ്തു. 12ന് വിധിന്യായം പുറത്തു വന്ന ശേഷം ഇതിന്റെ സാധ്യതകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ കേസിൽ വിചാരണ കോടതിയുടെ ഇടക്കാല വിധികൾക്കെതിരെ പ്രോസിക്യൂഷൻ മുമ്പും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുകൾ നേടുകയും ചെയ്തിട്ടുണ്ട്. മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് അതിന്റെ ‘ഇന്റഗ്രിറ്റി’ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അതിലൊന്ന്. അതൊരു നിർണായക കാര്യമായിരുന്നു. അനുകൂല ഉത്തരവാണ് അതിലുണ്ടായത്. വിചാരണ കോടതി വിധി അംഗീകരിക്കുമ്പോൾ തന്നെ ബന്ധപ്പെട്ടവർക്ക് അതിനെ മേൽക്കോടതിയിൽ എതിർക്കാനും കഴിയും’’– ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു