
ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസണിനു പകരം ശുഭ്മൻ ഗില്ലിനെ ഓപണറാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്ത്. സഞ്ജു ടീമിന്റെ ഓപണറാകുന്നതിനു മുമ്പുതന്നെ ഗിൽ ഇന്ത്യക്കു വേണ്ടി ഓപൺ ചെയ്തിരുന്നുവെന്നും അന്നത്തെ മികച്ച റെക്കോഡ് അവഗണിക്കാനാകില്ലെന്നും സൂര്യകുമാർ പറഞ്ഞു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ചൊവ്വാഴ്ച തുടങ്ങാനിരിക്കെ മാധ്യമങ്ങളെ കാണുകയായിയാരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
“സഞ്ജു മികച്ച താരമാണെന്നതിൽ തർക്കമില്ല. എന്നാൽ ഇപ്പോൾ നോക്കൂ, ഓപണർമാർ ഒഴികെ എല്ലാവരും ഏത് നമ്പരിൽ ബാറ്റിങ്ങിന് ഇറക്കിയാലും നന്നായി കളിക്കുന്നവരാണ്. ഓപണിങ് റോളിൽ സഞ്ജു മികച്ച ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. എന്നാൽ ശുഭ്മൻ ഗിൽ സഞ്ജുവിന് മുമ്പുതന്നെ ആ റോളിൽ കളിച്ചിട്ടുണ്ട്, ശ്രീലങ്കക്കെതിരെ. അദ്ദേഹം സെഞ്ച്വറി നേടിയിട്ടുമുണ്ട്. അതുകൊണ്ട് അദ്ദേഹം ഇന്നിങ്സ് ഓപൺ ചെയ്യാൻ യോഗ്യനാണ്. സഞ്ജുവിന് എപ്പോഴും അവസരം നൽകുന്നുണ്ട്. ഏത് നമ്പരിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണ്. അങ്ങനെയൊരു താരമുണ്ടാകുന്നത് വളരെ വലിയ കാര്യമാണ്.