
ഷെയ്ഖ് സായിദ് റോഡിൽ വാടകയ്ക്കെടുത്ത കാറുമായി അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു.
ഇയാളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകടനങ്ങൾ നടത്തുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.