
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ഗൾഫ് മേഖലയിലെ യാത്രക്കാരെയും സാരമായി ബാധിച്ചു. ആഭ്യന്തര വ്യോമയാന മേഖലയിൽ ഇൻഡിഗോയുടെ സർവീസുകൾ താറുമാറായതോടെ മറ്റ് വിമാനക്കമ്പനികൾ ഡിമാൻഡ് വർധിച്ചത് ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്കുകളിൽ വലിയ വർധന വരുത്തി. ജീവനക്കാരുടെ കുറവും പുതിയ ക്രൂ നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 500ലേറെ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
യുഎഇയിലെ അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിൽ നിന്നായി ആകെ 40 ഇൻഡിഗോ വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പറക്കുന്നത്. ഇതിൽ ഇന്ന് നാല് വിമാനങ്ങൾ റദ്ദാക്കി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പലതും വൈകുന്നു. ഇതോടെ ഇവിടെങ്ങളിലേക്ക് ടിക്കറ്റെടുത്തവർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതായും ഉയർന്ന നിരക്ക് നൽകേണ്ടതായും വന്നു.
ഡിസംബറിലെ അവധിക്കാലം, ക്രിസ്മസ്, പുതുവത്സര സീസൺ എന്നിവ കാരണം യുഎഇ- ഇന്ത്യ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് നേരത്തെ തന്നെ ഉയർന്നിരുന്നു. നിലവിൽ ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകൾ തടസ്സപ്പെട്ടത് കണക്ഷൻ വിമാന യാത്രക്കാരെയും ഗണ്യമായി ബാധിച്ചു. മുൻപ് 300-400 ദിർഹത്തിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ ചുരുങ്ങിയത് ആയിരം ദിർഹമെങ്കിലും നൽകേണ്ട അവസ്ഥയാണ്.