
യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ ഈടാക്കും.
പ്രതിമാസ പിഴ 8000 ദിർഹം
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9000 ദിർഹമാക്കി വർധിക്കും.
ചെറുകിട കമ്പനികൾ ഒരാളെ നിയമിക്കണം
20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. കഴിഞ്ഞ വർഷവും ഈ വിഭാഗം കമ്പനികൾ ഒരു സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. വർഷാവസാനത്തോടെ മൊത്തം 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികളികൾക്കും വൻ തുക പിഴ ഈടാക്കും.
∙ ആനുകൂല്യം
സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തി സർക്കാർ സേവന ഫീസിൽ 80% ഇളവ് നൽകും. കൂടാതെ മറ്റു സർക്കാർ സേവനങ്ങളിൽ മുൻഗണനയും നൽകും.
∙ പരിശോധന
നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം.
∙ വ്യാജ നിയമനം: കടുത്ത നടപടി
സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യതവണ നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമായിരിക്കും പിഴ. സ്വദേശിവൽക്കരണം മറികടക്കാൻ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും ഇതേ ശിക്ഷയുണ്ടാകും.
∙ സ്വകാര്യമേഖലയിൽ 1.54 ലക്ഷം
യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി വർധിച്ചു. ഇതിൽ 1.36 ലക്ഷം പേരും സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് മുഖേന ജോലിക്കു കയറിയവരാണ്. സ്വദേശികൾക്കു ജോലി നൽകിയ കമ്പനികളുടെ എണ്ണം 30,000 കവിഞ്ഞു.
നാഫിസ്: സ്വദേശിവൽക്കരണ പദ്ധതി
2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. ഈ മാസം 31ന് 4 വർഷം പൂർത്തിയാകുന്ന നാഫിസ് പദ്ധതി അനുസരിച്ച് മുൻ വർഷങ്ങളിലെ 6 ശതമാനവും ചേർത്ത് മൊത്തം 8% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. അടുത്ത വർഷത്തെ 2% ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം.