
അടിയന്തര വൈദ്യസഹായത്തിന് ഗാസയിൽനിന്നു പലസ്തീൻകാർക്കു പുറത്തേക്കു പോകാനായി റഫാ അതിർത്തി തുറക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. പരുക്കേറ്റവരും രോഗികളുമായ 16,500 പലസ്തീൻകാർക്ക് വിദേശത്ത് അടിയന്തരചികിത്സ വേണമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്.
അതിനിടെ, ഹമാസ് കൈമാറിയ അവസാനത്തെ 2 ബന്ദികളുടെ മൃതദേഹഭാഗങ്ങൾ ഫൊറൻസിക് പരിശോധനയിൽ അവരുടേത് അല്ലെന്നു തെളിഞ്ഞതായി ഇസ്രയേൽ പറഞ്ഞു. ഇതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഹമാസ് വീണ്ടും തിരച്ചിൽ തുടങ്ങി. ഈ മൃതദേഹഭാഗങ്ങൾ കൂടി കൈമാറുന്നതോടെ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കും. രണ്ടാംഘട്ടത്തിലാണു രാജ്യാന്തര സേന ഗാസയുടെ സുരക്ഷാച്ചുമതല ഏറ്റെടുക്കുക.