
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നിയമലംഘനം നടത്തിയ 49 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. അപകടകരവും അലക്ഷ്യവുമായ ഡ്രൈവിങ് കാരണം 3,153 ട്രാഫിക് നിയമലംഘനങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയത്.
ചില ഡ്രൈവർമാർ ദേശീയ അവധി ദിവസങ്ങളും പൊതുപരിപാടികളും ചൂഷണം ചെയ്ത് സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായും ഉത്തരവാദിത്തമില്ലാതെയും വാഹനമോടിക്കുന്നതായി ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വിശദീകരിച്ചു. ഇത്തരം ഡ്രൈവർമാർ നിയമവിരുദ്ധമായ അഭ്യാസ പ്രകടനങ്ങളിലും റേസിങ്ങുകളിലും ഏർപ്പെടുകയും താമസ സ്ഥലങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തികൾ എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രിയപ്പെട്ട ഈ ദേശീയ ദിനത്തിന്റെ ആത്മാവിനെ പ്രതിഫലിക്കുന്നില്ലെന്നും പറഞ്ഞു.
ആഘോഷങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിനെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും ട്രാഫിക് സുരക്ഷയുടെ പ്രാധാന്യം ഉറപ്പിക്കണമെന്നും ദുബായ് പൊലീസ് രക്ഷിതാക്കളോട് അഭ്യർഥിച്ചു. നിയമലംഘനങ്ങൾ കാണിക്കുന്ന ഒരു വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. യുവാക്കൾ ജനലുകളിലൂടെയും സൺറൂഫുകളിലൂടെയും പുറത്തേക്ക് ചാടുന്നതും വിൻഡ്ഷീൽഡുകളിൽ സ്റ്റിക്കറുകളും സ്പ്രേ പെയിന്റും ഉപയോഗിച്ച് മറയ്ക്കുന്നതും വിഡിയോയിൽ കാണിച്ചു.