
യാത്ര പുറപ്പെടുന്ന രാജ്യത്തു തന്നെ ഇമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കുന്ന വൺ സ്റ്റോപ്പ് സംവിധാനം യുഎഇക്കും ബഹ്റൈനും ഇടയിൽ നിലവിൽ വന്നു. ബഹ്റൈനിലേക്കു പോകുന്നയാൾക്ക്, അവിടെ പ്രവേശിക്കുന്നതിന് ഇമിഗ്രേഷനിൽ കാത്തു നിൽക്കേണ്ടതില്ല. അതു പോലെ തിരിച്ചും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കു മാത്രമാണ് ഈ സൗകര്യം. പിന്നീട്, റസിഡൻസി വീസയുള്ള വിദേശികൾക്കും ഇതേ രീതിയിൽ യാത്ര ചെയ്യാം. നിലവിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കു വീസ ഇല്ലാതെ പരസ്പരം യാത്ര ചെയ്യാമെങ്കിലും ഓരോ രാജ്യത്തെയും എൻട്രി, എക്സിറ്റ് നടപടികൾ പൂർത്തിയാക്കണം. അടുത്ത വർഷം ജനുവരിയോടെ ഈ സംവിധാനം മറ്റു ഗൾഫ് രാജ്യങ്ങളിലും നടപ്പാക്കും. അതോടെ, ജിസിസി രാജ്യങ്ങളിലെ യാത്രകൾ ആഭ്യന്തര യാത്രകൾ പോലെ തടസ്സ രഹിതമാകും.