ublnews.com

പരിശീലനത്തിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ അവഗണിച്ച് കോലി

പരിശീലനത്തിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ അവഗണിച്ച് സൂപ്പർ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി റായ്പൂരില്‍ ഇന്ത്യൻ താരങ്ങളുടെ പരിശീലനം തുടരുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യൻ സൂപ്പർ‌ താരങ്ങളും ഗൗതം ഗംഭീറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സിലക്ഷന്‍ കമ്മിറ്റി അംഗമായ പ്രഖ്യാൻ ഓജയെ ബിസിസിഐ റായ്പുരിലേക്ക് അയച്ചിരുന്നു. മുൻ ഇന്ത്യൻ താരം ഇടപെട്ടിട്ടും പ്രശ്നങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം.

ചൊവ്വാഴ്ച ഏറെനേരം നെറ്റ്സിൽ പരിശീലിച്ച ശേഷമാണ് വിരാട് കോലിയും രോഹിത് ശർമയും ഗ്രൗണ്ട് വിട്ടത്. കോച്ച് ഗംഭീർ പരിശീലനം മുഴുവൻ കണ്ടുനിൽക്കുന്നുണ്ടായിരുന്നു. ബാറ്റുകളെടുത്ത് ഗ്രൗണ്ട് വിടുമ്പോൾ അരികിലുണ്ടായിരുന്ന ഗംഭീറിനോട് ഒരു വാക്കുപോലും സംസാരിക്കാൻ കോലി തയാറായില്ലെന്നാണു പുറത്തുവരുന്ന വിവരം. അതേസമയം രോഹിത് ശർമ കുറച്ചുനേരം ഗംഭീറുമായി സംസാരിച്ച ശേഷമാണു ഗ്രൗണ്ട് വിട്ടത്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം മുതലാണ് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധം വഷളായതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നത്. ബിസിസിഐ ഇടപെട്ടു കൊണ്ടുവന്ന പ്രശ്ന പരിഹാര ശ്രമങ്ങളും ഫലം കണ്ടില്ല. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളില്‍നിന്നു വിരമിച്ച കോലിയും രോഹിത് ശർമയും നിലവിൽ ഏകദിനത്തിൽ മാത്രമാണു കളിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top