
യുവാക്കൾ ഭാവിയുടെ വാഗ്ദാനങ്ങളെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യപുരോഗതിക്ക് പൗരന്മാരും പ്രത്യേകിച്ച് യുവാക്കളും കുടുംബങ്ങളുമാണ് അടിത്തറയെന്നും പറഞ്ഞു. ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങൾ വളർത്തുന്നതിനും ദേശീയ സ്വത്വം സംരക്ഷിക്കുന്നതിനുമുള്ള നിർണായക പ്രഥമ വിദ്യാലയമാണ് കുടുംബം.
ദേശീയ സ്വത്വമില്ലാത്ത ഒരു രാജ്യത്തിന് ഭാവിയുണ്ടാകില്ല. ഭാവി തലമുറ ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കുമ്പോൾ തന്നെ അറബിക് ഭാഷ, സംസ്കാരം,നൈതിക മൂല്യങ്ങൾ എന്നിവയിൽ അടിയുറച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു. ഈ വർഷത്തെ സമൂഹ വർഷമായും 2026നെ കുടുംബ വർഷമായും തിരഞ്ഞെടുത്തത് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനാണെന്ന് സൂചിപ്പിച്ച ഷെയ്ഖ് മുഹമ്മദ് കുടുംബ ചിത്രം എക്സിൽ പങ്കുവച്ചാണ് ജനങ്ങൾക്ക് ദേശീയദിനാശംസ നേർന്നത്.
മാനുഷിക പ്രവർത്തനങ്ങൾക്കും ആഗോള സമാധാനത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധത തുടരുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും ഷെയ്ഖ് മുഹമ്മദ് ദേശീയദിന ആശംസകൾ നേർന്നു.