
വെല്ലുവിളികളെ അവസരങ്ങളാക്കി അര നൂറ്റാണ്ടുകൊണ്ട് വികസന വിഹായസ്സിലേക്കു കുതിച്ച യുഎഇ പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്. നേട്ടങ്ങളുടെ 54 സുവർണ വർഷങ്ങൾ പിന്നിട്ടാണ് അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികളുമായി കുതിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സമസ്ത സാധ്യതകൾ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തിവരുന്ന യുഎഇ ഈ രംഗത്ത് ലോകം ഉറ്റുനോക്കുന്ന രാജ്യമായി മാറി.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാതയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇതര എമിറേറ്റ് ഭരണാധികാരികളുടെയും നേതൃത്വത്തിൽ ഐക്യത്തോടെ മുന്നേറുകയാണ്. രാജ്യമൊട്ടുക്ക് നടക്കുന്ന പിറന്നാൾ ആഘോഷങ്ങളിലും ഈ കൂട്ടായ്മയുടെ കരുത്ത് പ്രകടം.
രാജ്യത്തിന്റെ പിറന്നാൾ ആഘോഷം ഇത്രയേറെ രാജ്യക്കാർ ഒന്നിച്ച് ആഘോഷിക്കുന്നതും മറ്റെവിടെയും കാണാനാകില്ല. ഇവിടെ താമസിക്കുന്ന വിദേശികൾക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയാണ് ഇതിനു കാരണം. ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാർ അണിനിരന്നു. യുഎഇയുടെ ദേശീയ പതാകയുമേന്തി മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനക്കാർ ആഘോഷപൂർവം കൈകോർത്തപ്പോൾ റോഡിന് ഇരുവശവും നിരന്ന വിവിധ രാജ്യക്കാർ അഭിവാദ്യമർപ്പിച്ചു.