
1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യൻ റിയാല്‍ വരവും 165.4 ബില്യൻ റിയാല്‍ കമ്മിയും കണക്കാക്കുന്ന ബജറ്റ് സൗദി മന്ത്രിസഭ അംഗീകരിച്ചു. ദമാമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. എണ്ണയിതര വരുമാനത്തിലൂടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചതായും കിരീടാവകാശി പറഞ്ഞു.
സൗദിയിൽ ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്താനും ആഗോള സാമ്പത്തിക, നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന് വളർച്ച കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷന്‍ 2030 പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സൗദി സമ്പദ് വ്യവസ്ഥ വൻ വളർച്ച കൈവരിച്ചു.
പെട്രോളിതര മേഖല 4.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 25 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്. ഇത് മറികടക്കാൻ സാധിച്ചുവെന്നും കിരീടാവകാശി പറഞ്ഞു.