
മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആലോചന. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കാനായി സംയുക്ത അയൺ ഡോം സംവിധാനം സ്ഥാപിക്കാനാണ് നീക്കമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുമായി ജിസിസി രാജ്യങ്ങൾ ചർച്ച തുടങ്ങിയെന്നും ജാസിം അൽ ബുദൈവി പറഞ്ഞു.
ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടി സംയുക്ത പ്രതിരോധത്തെക്കുറിച്ച് വിശകലനം ചെയ്യും. ഉച്ചകോടി അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണിത്. ഖത്തറിനെതിരായ ഇറാൻ, ഇസ്രയേൽ ആക്രമണങ്ങൾ അടക്കം സമീപകാല പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒട്ടറെ പ്രധാന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ഗൾഫ് രാജ്യങ്ങൾ വൈകാതെ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.