
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ പ്രതിയും മുൻ തിരുവാഭരണ കമ്മിഷണറുമായ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ ഇന്നു വൈകിട്ട് 4 വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം എസ്ഐടി സമർപ്പിച്ച പ്രൊഡക്‌ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ ബൈജുവിനെ കോടതിയിൽ ഹാജരാക്കി.
ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊല്ലം പൊലീസ് ക്ലബ്ബിൽ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. വൈകിട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണു സൂചന. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യ ഹർജി ഡിസംബർ 3ന് പരിഗണിക്കും. അതേ ദിവസം തന്നെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത്.