
ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് തന്റെ വക്കീൽ ഓഫിസിൽ ഇന്നലെ എത്തിയത് പൊലീസിന്റെ കണ്ണുവെട്ടിച്ച്. വഞ്ചിയൂർ കോടതി പരിസരത്തെ വക്കീൽ ഓഫിസിലാണ് ഇന്നലെ രാഹുൽ എത്തിയത്. രാഹുലിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന നേമം പൊലീസ് സ്റ്റേഷനിൽ നിന്നും 8.5 കിലോമീറ്റർ അകലെയാണ് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസ്. രാഹുൽ തിരുവനന്തപുരത്ത് എത്തിയ വിവരം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വിശ്വസ്തർ പോലും അറിഞ്ഞിരുന്നില്ല. ഇന്ന് വാർത്ത പുറത്തുവരുമ്പോഴാണ് ഇവരും രാഹുൽ ഇവിടെ വന്നുപോയ കാര്യം അറിയുന്നത്. രാഹുൽ തിരുവനന്തപുരത്തേക്ക് എത്തുമെന്ന് അന്വേഷണസംഘവും കരുതിയിരുന്നില്ല.
വഞ്ചിയൂരിലെ ഓഫിസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാർ പറയുന്നു. ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. കേസിന് ആവശ്യമായ തെളിവുകള്‍ നല്‍കിയെന്നും അഭിഭാഷകന്‍ സൂചിപ്പിക്കുന്നു. യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ കുറച്ചു നേരം ഫോണ്‍ ഓണ്‍ ആയപ്പോല്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് ജില്ല വിട്ടുപോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിലെത്തിയത്. നഗരത്തിലെ രാഹുലിന്റെ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.