ublnews.com

ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടമുണ്ടായി സഹയാത്രികൻ മരിച്ചാൽ ഡ്രൈവർക്കെതിരെയും നടപടി

ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ കാരണം അപകടമുണ്ടായി സഹയാത്രികൻ മരിച്ചാൽ ഡ്രൈവർ കുടുങ്ങും. മരിച്ചയാളിന്റെ കുടുംബത്തിന് ദയാധനം ഉൾപ്പെടെ നൽകേണ്ടിവരും. ഓടുന്ന വാഹനത്തിന്റെ വാതിൽ കൃത്യമായി അടയ്ക്കാതിരിക്കുക, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതഭാരം കയറ്റി വാഹനം മറിയുക, മദ്യപിച്ച് ഓടിക്കുക തുടങ്ങിയ കാരണങ്ങളാൽ സഹയാത്രികർ മരിച്ചാൽ ഡ്രൈവർ കുറ്റക്കാരനാകും.

ഇത്തരം കേസുകളിൽ മരിക്കുന്ന യാത്രക്കാരൻ ഡ്രൈവറുടെ സുഹൃത്തോ ബന്ധുവോ, സഹപ്രവർത്തകനോ എന്നതു പരിഗണിക്കില്ല. ഡ്രൈവർ ക്രിമിനൽ, സിവിൽ, ഇൻഷുറൻസ് എന്നീ മേഖലകളിൽ നിന്നുള്ള നടപടികൾ നേരിടേണ്ടി വരും. ട്രാഫിക് നിയമലംഘനം കാരണമാണ് അപകടമെങ്കിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ഡ്രൈവർക്കു കഴിയില്ല. വാഹനത്തിനുള്ളിലെ സുരക്ഷാ വീഴ്ച്ചയ്ക്കും ഡ്രൈവർ ഉത്തരവാദിയാകും.

ഡ്രൈവർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ, ബ്ലഡ് മണി, സിവിൽ നഷ്ടപരിഹാരം എന്നിവ ചുമത്തും. ഡോർ ലോക്ക് തകരാറിലായ വാഹനത്തിൽ നിന്നു യാത്രക്കാരൻ റോഡിലേക്കു തെറിച്ചു വീണു മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും 2 ലക്ഷം ദയാധനവും അടുത്തിടെ കോടതി വിധിച്ചിന്നു.

മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലും സമാന വിധി ഉണ്ടായിട്ടുണ്ട്. മരണപ്പെട്ടയാൾ കുടുംബത്തിന്റെ ഏക അത്താണി ആകുന്ന സന്ദർഭത്തിൽ കോടതി ദയാധനത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴിക്കായി വാഹനം എതിർദിശയിൽ ഓടിച്ചുണ്ടായ അപകടത്തിൽ സഹയാത്രികൻ മരിച്ച കേസിൽ പൂർണ ബാധ്യത ഡ്രൈവർക്കു മേൽ കോടതി ചുമത്തിയിരുന്നു. റോഡ് നിയമം പൂർണമായും ലംഘിച്ചതിനാൽ ഇൻഷുറൻസ് തുകയും ലഭിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top