ublnews.com

കൂടുതൽ സ്ഥലങ്ങളിൽ മദ്യശാല തുറക്കാൻ സൗദി

അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകൾക്ക് വിരാമമിട്ട് രാജ്യത്ത് കഴിഞ്ഞവർഷം മദ്യ വിൽപനശാല തുറന്ന സൗദി അറേബ്യ, കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു. റിയാദിലായിരുന്നു കഴിഞ്ഞവർഷം മദ്യ സ്റ്റോർ തുറന്നതെങ്കിൽ അടുത്ത ലക്ഷ്യം ജിദ്ദയും ദമാമുമാണെന്ന് ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എണ്ണ ഇതര സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാര നടപടികളിലൊന്നാണ് മദ്യ വിൽപനശാലകളും. ‘വിഷൻ 2030’ മാസ്റ്റർ പ്ലാനുമായാണ് സൗദി സമ്പദ്‍വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നത്. നേരത്തേ, 1952 വരെ സൗദിയിൽ മദ്യം ലഭിച്ചിരുന്നെന്നും പിന്നീടാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയിൽ വിൽപന വഴിയായിരുന്നെങ്കിൽ ഇപ്പോൾ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലി വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകൾ പ്രകാരം എണ്ണയിതര സമ്പദ്‍വ്യവസ്ഥ 50.6 ശതമാനമാണ്. ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്പോർട്സ്, മറ്റ് വിനോദങ്ങൾ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയിൽ ടൂറിസത്തിന്റെ പങ്ക് 2019ൽ 3% ആയിരുന്നെങ്കിൽ 2024ൽ അത് 5 ശതമാനത്തിലെത്തി.

2030ഓടെ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു. ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയർത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. അതേസമയം, മദ്യശാല തുറക്കുമെങ്കിലും സൗദിയിൽ എല്ലാവർക്കും വാങ്ങാനാവില്ല. അമുസ്ലിങ്ങളായ വിദേശ പൗരന്മാർക്ക് മാത്രമാകും അനുമതി. 2034ൽ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത് സൗദിയാണ്. ഈ കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് മദ്യനിരോധനം നിബന്ധനകളോടെ നീക്കുന്നതെന്നാണ് സൂചനകൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top