ublnews.com

സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി

സ്വകാര്യ മേഖലയിലെ ജിംനേഷ്യങ്ങളിലും സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി. 12 ഇനം തൊഴിൽ വിഭാഗങ്ങളിൽ 15% സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യാനാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. നാലോ അതിലധികമോ ജീവനക്കാരുള്ള സ്പോർട്സ് കേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലുമാണ് നിയമനത്തിൽ സൗദി സ്വദേശിവൽക്കരണ തോത് പാലിക്കേണ്ടത്. സാമൂഹിക വികസന, മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രസ്തുത കായിക പരിശീലന കേന്ദ്രങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെമ്പാടുമുള്ള തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് ക്രിയാത്മകവും സൃഷ്ടിപരവുമായ തൊഴിൽ മേഖലകളിലേക്ക് ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം നിലവിൽ വന്നത്. 2026 നവംബർ 16 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ജിംനേഷ്യങ്ങളിലും കായിക പരിശീലന കേന്ദ്രങ്ങളിലെയും സ്പോർട്സ് കോച്ച്, പ്രഫഷനൽ ഫുട്ബോൾ കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, പേഴ്സനൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്സ് കോച്ച് തുടങ്ങിയവ ഉൾപ്പെടെ നിശ്ചിത എണ്ണം തൊഴിലുകൾ സ്വദേശികൾക്ക് നിയമനം ഉറപ്പ് വരുത്തിയിരിക്കുന്നത്.

സ്വകാര്യമേഖലയിലെ കായിക പരിശീലന രംഗത്തിന് കൂടുതൽ പ്രഫഷനൽ അന്തരീക്ഷം കൈവരുത്തുന്നതിനും ഈ രംഗത്ത് കാര്യക്ഷമതയും മേന്മയും വർധിപ്പിക്കുന്നതിനും ഉതകുന്നതാണ് പുതിയ നയമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജോലിക്കായി സൗദി സ്വദേശികളെ തിരഞ്ഞെടുക്കുന്നതിനും അവർക്കുള്ള തൊഴിൽ പരിശീലനം നൽകുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ജോലി ലഭ്യതയ്ക്കും ജോലിസ്ഥിരതയ്ക്കും പ്രാദേശിക സ്വദേശിവൽക്കരണത്തിന് മുൻഗണന നൽകുന്നതിനും ഒക്കെ സ്ഥാപനങ്ങൾക്ക് ആവശ്യമായ മന്ത്രാലയ പിന്തുണ സേവനങ്ങൾ മാനവവിഭവശേഷി വികസന ഫണ്ട് ഹദാഫ് പ്രോഗ്രാം മുഖാന്തിരം ലഭ്യമാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top