
ദുബായിൽനിന്നു കരിപ്പൂരിലെത്തിയ 2 വിമാന യാത്രക്കാരുടെ ലഗേജ് പൊട്ടിച്ചു സാധനങ്ങളും പണവും കവർന്ന പരാതിയിൽ യാത്രക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, ബന്ധു മുഹമ്മദ് ബാസിൽ എന്നിവരാണു പരാതി നൽകിയത്.
വിമാനം നിർത്തിയതു മുതൽ വിമാനത്താവളത്തിനുള്ളിൽ ലഗേജ് എത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. വിമാനത്താവളത്തിനുള്ളിൽ എത്തിയശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിലും മോഷണം കണ്ടെത്താനായിട്ടില്ലെന്നും ഇബ്രാഹിം ബാദുഷ പറഞ്ഞു.
കൺവെയർ ബെൽറ്റിൽനിന്നു ലഗേജ് ലഭിക്കുമ്പോൾ ഇരുവരുടെയും പെട്ടികളുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. 26,500 രൂപ നഷ്ടപ്പെട്ടതായാണു ഇബ്രാഹിം ബാദുഷയുടെ പരാതി. ഏകദേശം 23,000 രൂപ വിലവരുന്ന എയർപോഡ്, മിഠായികൾ തുടങ്ങിയവ നഷ്ടപ്പെട്ടതായാണു ബാസിലിന്റെ പരാതി.