
ഒമാനിൽ 8,000ത്തിലധികം ഡെലിവറി തൊഴിലാളികൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ഒമാൻ ലോജിസ്റ്റിക്സ് അസോസിയേഷൻ (ഒഎൽഎ) സിഇഒ ഖാലിദ് അൽ സിയാബി. ഈ മേഖലയെ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങളിലൂടെ എല്ലാ തൊഴിലാളികളെയും അംഗീകൃത ഡെലിവറി കമ്പനികളിലേക്ക് മാറ്റണമെന്നുംഅദ്ദേഹം പറഞ്ഞു. 31 ലൈസൻസുള്ള ഭക്ഷ്യ വിതരണ കമ്പനികളാണ് രാജ്യത്തുള്ളത്. കമ്പനികൾ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പ്രഫഷനൽ ലൈസൻസുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷ്യ വിതരണ സൂപ്പർവൈസറുടെ തസ്തിക ഒമാനികൾക്ക് മാത്രമുള്ളതാണ്. പ്രവാസികൾക്ക് മോട്ടർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി അസോസിയേഷൻ,പൊലീസ്, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിക്കുന്നതായും ഖാലിദ് അൽ സിയാബി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ ഒന്ന് മുതൽ ലോജിസ്റ്റിക്സ് മേഖലയിലെ എല്ലാ നിയുക്ത തൊഴിലുകൾക്കും പ്രഫഷനൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. തൊഴിൽ മന്ത്രാലയം പട്ടികപ്പെടുത്തിയിരിക്കുന്ന തൊഴിലുകളിലെ എല്ലാ തൊഴിലാളികൾക്കും, ഒമാനികൾക്കും പ്രവാസികൾക്കും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിയമം ബാധകമാണ്. ലോജിസ്റ്റിക്സ് മേഖലയ്ക്കായി സെക്ടറൽ സ്കിൽസ് യൂണിറ്റ് നൽകുന്ന ഈ ലൈസൻസ് വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ആവശ്യമാണ്.